Tuesday 13 November 2012

AGASTHYAARKOODAM


അനന്തപുരിയിലെ വിവിധ യാത്ര സ്ഥലങ്ങളെ കുറിച്ച് ഒരു വിവരണം 

  ആദ്യം കുറിക്കട്ടെ ..അഗസ്ത്യാര്‍കൂടം  

അഗസ്ത്യാര്‍കൂടം    ഏഷ്യയിലെ തന്നെ ഏറ്റവും കൂടുതല്‍ ജൈവവൈവിധ്യം നിറഞ്ഞ മലനിരയാണ് അഗസ്ത്യാര്‍കൂടം. ഔഷധ സസ്യങ്ങളാലും, പ്രത്യേകതരം ഓര്‍ക്കിഡുകളാലും, വനമേഖലകളുടെ സൌന്ദര്യത്താലും, ക്ഷേത്രങ്ങളാലും, സംസ്കാരങ്ങളാലും, അവിസ്മരണീയമായ കാഴ്ച്ചകള്‍ കൊണ്ടും സമ്പന്നമായ അഗസ്ത്യാര്‍മല ലോക പ്രശസ്തമാണ്. ഭക്തി സാന്ദ്രമായ പുണ്യസ്ഥലം എന്നതിനപ്പുറം, ഒട്ടേറെ സാഹസികത നിറഞ്ഞ അഗസ്ത്യാര്‍കൂടം ട്രെക്കിങ് പരിശീലകരുടെ സ്വര്‍ഗ്ഗമാണ്

കുത്തനെയുളള പാറയിടുക്കുകളും, നദികളും, കുന്നിന്‍ ചെരിവുകളും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ഏതൊരു വ്യക്തിയെയും ഊര്‍ജസ്വലമാക്കും. പ്രത്യേകിച്ച് ചെറുപ്പക്കാരെ. തിരുവന്തപുരത്ത് നിന്നും എഴുപത് കിലോ മീറ്റര്‍ അകലെയായണ് ഈ സ്വപ്ന ഭൂമി. സമുദ്രനിരപ്പില്‍ നിന്നും 1890 മീറ്റര്‍ ഉയത്തില്‍ സ്ഥിതിചെയ്യുന്ന അഗസ്ത്യാര്‍കൂടം കേരളത്തിലെ പശ്ചിമഘട്ടമലനിരകളുടെ പ്രധാന ഭാഗമാണ്. കേരളത്തിനും തമിഴ്നാടിനും ഇടയില്‍ സ്ഥിതിചെയ്യുന്ന അഗസ്ത്യാര്‍കൂടം തമിഴ്നാട്ടില്‍ ‘പൊതിഗായ് മലൈ’ എന്നാണ് അറിയപ്പെടുന്നത്. ഇന്ത്യയുടെ തെക്കേ അറ്റത്ത് തമിഴ് നാട്ടിലെ ‘അണ്ണാമലൈ’ മലനിരകളുടെ ഭാഗമായ ‘അശംപു’ മലനിരകളിലാണ് അഗസ്ത്യാര്‍മല. മഹാഭാരത കഥ അനുസരിച്ച് ശിവന്റെ നിര്‍ദ്ദേശം സ്വീകരിച്ച് ഭൂമിയിലെത്തിയ ഋഷിവര്യനാണ് അഗസ്ത്യമുനി. ദൈവിക ഭാഷകളായ സംസ്കൃതം, തമിഴ് എന്നിവയുടെ ഉല്‍പ്പത്തിക്കും പ്രചരണത്തിനും വേണ്ടിയാണ് വ്യാസ മുനിയും അഗസ്ത്യമുനിയും ദക്ഷിണേന്ത്യയില്‍ എത്തുന്നത്. ഔഷധ സസ്യങ്ങളെ കുറിച്ച് അഗാധ പാണ്ഡിത്യം ഉണ്ടായിരുന്ന അഗസ്ത്യമുനി ‘സിദ്ധ ജ്ഞാനകൂടം’ എന്ന ശാസ്ത്ര ഗവേഷണ കേന്ദ്രം സ്ഥാപിക്കുകയും ശേഷം, ലോകമെമ്പാടും സഞ്ചരിക്കുകയും തിരികെ വീണ്ടും പശ്ചിമഘട്ടത്തില്‍ എത്തി ധ്യാനത്തില്‍ ലയിക്കുകയും ചെയ്തുവെന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ ഏറെ തീര്‍ത്ഥാടന പ്രാധാന്യമുളള അഗസ്ത്യാര്‍കൂടത്തില്‍ എത്തുന്ന ഭക്തജനങ്ങള്‍ മലയുടെ മുകളിലുളള അഗസ്ത്യമുനിയുടെ പ്രതിമയില്‍ പൂജകളും ചെയ്യാറുണ്ട്



കേരള വനം വകുപ്പാണ് അഗസ്ത്യാര്‍കൂടതീര്‍ത്ഥാടനം നിയന്ത്രിക്കുന്നതും സൌകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നതും. എല്ലാവര്‍ഷവും മകരവിളക്ക് മുതല്‍ ശിവരാത്രിവരെയുള്ള ഭക്തിപ്രധാനമായ കാലയളവിലാണ് -ഏകദേശം ജനുവരി - ഫെബ്രുവരി - മാര്‍ച്ച് മാസങ്ങളില്‍- അഗസ്ത്യമല തീര്‍ത്ഥാടനം. തീര്‍ത്ഥാടനകാലം തുടങ്ങുന്നതിനുമുമ്പുതന്നെ, മിക്കവാറും ജനുവരിയില്‍, രജിസ്ട്രേഷന്‍ സംബന്ധിച്ച വാര്‍ത്ത പത്രങ്ങളില്‍ വരാറുണ്ട്. തീര്‍ത്ഥാടകര്‍ക്കുള്ള രജിസ്ട്രേഷനും പാസ്സും തിരുവനന്തപുരം വൈല്‍ഡ്‌ലൈഫ്‌ വാര്‍ഡന്റെ ഓഫീസിലാണ് വിതരണം ചെയ്യുന്നത്. പരമാവധി 100 പേര്‍ക്ക്‌ മാത്രമേ ഒരു ദിവസത്തെ പ്രവേശനം അനുവദിക്കാറുള്ളൂ. പാസ്സ്‌ ആവശ്യമുള്ള ഭക്തര്‍ക്ക്‌ ഏതെങ്കിലും ഫോട്ടോ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പോടൊപ്പം അപേക്ഷ പൂരിപ്പിച്ചു നല്‍കി സന്ദര്‍ശന ഫീസും അടച്ച് പാസ്‌ വാങ്ങാവുന്നതാണ്.
ഭക്ഷണം ഉള്‍പ്പെടാതെ ഒരാള്‍ക്ക്‌ 200 രൂപവീതം അടച്ച് ആ പാസു വാങ്ങാം 


തിരുവനന്തപുരത്തുനിന്നും യാത്ര തിരിക്കാം  നെടുമങ്ങാട് പഴകുറ്റി, ചുള്ളിമാനൂര്‍, വിതുര, ജഴ്സിഫാം വരെ നഗരത്തിന്റേയും ഗ്രാമത്തിന്റേയും ഒരു മിശ്രിതരൂപമാണ്. പിന്നെ തനി ഗ്രാമീണത, ഒപ്പം മലനിരകളും തേയിലതോട്ടങ്ങളും കാട്ടരുവികളുടെ മനംകുളിര്‍ക്കുന്ന ശബ്ദവുമെല്ലാം. പാത ഹെയര്‍പിന്‍വളവുകളും കുത്തനെയുള്ള കയറ്റങ്ങളുമായി യാത്രയുടെ വേഗതയെ നിയന്ത്രിച്ചു. ബോണക്കാട്ട് വരെ ഏതാണ്ട് രണ്ടു മണിക്കൂര്‍  യാത്ര . തിരുവനന്തപുരത്തുനിന്ന് ബോണക്കാട് വരെ ഏകദേശം 62 കിലോമീറ്റര്‍ ദൂരമുണ്ട്,അവിടെ ഒരു വലിയ തേയില ഫാക്ടറി ക്കുമുമ്പില്‍  റോ‍ഡ് അവസാനിക്കുന്നു ,ഫാക്ടറി എന്നത്  പണ്ട് പ്രതാപത്തോടെ തലയുയര്‍ത്തിനിന്ന ഒരു കെട്ടിടത്തിന്റെ ബാക്കിപത്രം. നിലവില്‍  ഫാക്ടറി പ്രവര്‍ത്തിക്കുന്നില്ല,ഫാക്ടറിക്കുമുന്നില്‍ റോഡുവക്കത്ത് പഴയകാലത്ത് ഉപയോഗിച്ചിരുന്ന ഒരു കല്‍ബഞ്ചും ഒരു മൈല്‍കുറ്റിയും,ബോണക്കാടു ബസ് ഇവിടെ  വരെയാണ്,ആള്‍ക്കാര്‍ ബസുകാത്തിരിക്കുന്നതും ആ കല്‍ബഞ്ചില്‍തന്നെ. അവിടെ നിന്നും 2 കിലോമീറെര്‍ മണ്‍ പാതയിലൂടെ യാത്ര ചെയ്‌താല്‍ ബോണക്കാട് ഫോറെസ്റ്റ് കേന്ദ്രത്തില്‍  എത്തും ,സ്വകാര്യ വാഹനത്തില്‍ വരുന്നവര്‍ക്ക്  ഇവിടെ വണ്ടി പാര്‍ക്കു ചെയ്യാം ,ഇന്നി യാത്ര കാല്‍നടയായി ആണ് ,ക്യാമറ .വീഡിയോ എന്നിവയ്ക്ക് ഫീസ് അടയ്കണം.ഒപ്പം വനംവകുപ്പ് വക ലെഗേജു പരിശോധനയും 

വന്യമൃഗങ്ങളുടെ സാന്നിദ്ധ്യമുള്ളതിനാലും, അപൂര്‍വ്വസസ്യങ്ങളുടെ സംരക്ഷണത്തിനുവേണ്ടിയും, ദുര്‍ഘടമായ പാതകള്‍ നിറഞ്ഞതിനാലും, കുത്തനെയുള്ള വഴുക്കല്‍ പാറകളുള്ളതിനാലും പ്ലാസ്റ്റിക്‌, മദ്യം, മറ്റു ലഹരിപദാര്‍ത്ഥങ്ങള്‍ എന്നിവ കൊണ്ടുപോകുന്നത്‌ കര്‍ശനമായി നിരോധിച്ചും



വനം വകുപ്പ് ഉദ്ദ്യോഗസ്ഥരും, ഗൈഡുകളും നല്കുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായും പാലിക്കേണ്ടതാണെന്നും ബോണക്കാട് - ലാത്തിമൊട്ട - കരമനയാര്‍ - അട്ടയാര്‍ - അതിരുമല വഴിയുള്ള നിശ്ചിതപാതയില്‍കൂടി മാത്രം സഞ്ചരിക്കേണ്ടതാണെന്നും തുടങ്ങി വനത്തിന്റെ പ്രാധാന്യം മനസിലാക്കിതരുന്ന  ചെറുപ്രസംഗം കേട്ട ശേഷം യാത്ര തുടങ്ങാം . നീങ്ങളോടൊപ്പം ഒരു ഗൈഡും ഉണ്ടായിരിക്കും ,. കാനനപാതയിലൂടെയുള്ള യാത്ര ആരംഭിച്ചു. നിബിഡ വനങ്ങള്‍ അകലെ കാണാന്‍ കഴിയുന്നുണ്ട് ആദ്യമായി യാത്രചെയ്യുന്നവരുടെ മനസ്സില്‍ വനാന്തര്‍ഭാഗത്തിന്റെ തീവ്രത ജനിപ്പിക്കുന്ന കാഴ്ചകള്‍ ആദ്യമേ തന്നെയുണ്ടാകും പക്ഷേ സ്ഥിരം യാത്രക്കാര്‍ക്ക് വനഭംഗിയുടെ അനന്തമായ കാഴ്ചയ്ക്ക് ഇനിയും അകലമുണ്ട്.  .വനപാതയുടെ കുളിര്‍മ നിങ്ങള്‍ക്കനുഭാവപ്പെട്ടു തുടങ്ങും  . വനസംഗീതത്തിലാറാടി ഒരു പടുകൂറ്റന്‍ വൃഷച്ചുവട്ടില്‍ മലദൈവത്തിന്റെ പ്രതിഷ്ഠ. അരുവികളില്‍ പാകമെത്തിയ കല്ലുകള്‍കൊണ്ട് കരമനയാറിന്റെ കൈവഴിയുടെ തീരത്ത് ഒരു വിളക്കുതറ




ഇനി ഒരു കുളിയാകാം, രാവിലെ മുതലുള്ള യാത്രയുടെ ക്ഷീണമകറ്റി വനത്തിലേയ്ക്ക് യാത്രയാകാം. കരമനയാറിന്റെ കൈവഴിയാണ് ആ അരുവി. ചെറിയ പാറക്കൂട്ടങ്ങള്‍ക്കിടയില്‍നിന്നും തുള്ളിക്കളിച്ചെത്തുന്ന അരുവിയില്‍ എത്ര നീരാടിയാലും മതി വരില്ല . ആ അരുവി ചെറുചെറു വെള്ളച്ചാട്ടങ്ങള്‍ തീര്‍ത്ത് താഴേയ്ക്ക് കുതിക്കുന്നു. കുളികഴിഞ്ഞ് ‍വീണ്ടും യാത്ര തുടരാം . കാശിതുമ്പമുതല്‍ പേരറിയാത്ത അനേകം സസ്യങ്ങള്‍ ,. മലയുടെ താഴേത്തട്ടുകളില്‍ ദുര്‍ലഭമായ മരുന്നുവേരുകളും മരുന്നു ചെടികളും വളരുന്നുണ്ട്. ആയുര്‍വേദത്തില്‍ മരുന്നുകള്‍ക്കായി ഉപയോഗിക്കുന്ന 2000ത്തോളം മരുന്നു ചെടികള്‍ അഗസ്ത്യകൂടത്തില്‍ കണ്ടുവരുന്നെന്നാണ് ഗവഷകരുടെ അഭിപ്രായം. . ഒരു സസ്യമോ വനവിഭവമോ കാടിനുള്ളില്‍നിന്ന് ശേഖരിക്കാന്‍ അനുവാദമില്ല. അടുത്ത് മറ്റൊരരുവിയുടെ കളകളാരവം, സാമാന്യം നല്ല അരുവി. അതാണ്‌  അട്ടയാര്‍ … ഈ പേരുകേട്ടപ്പോള്‍ അനേകജീവജാലങ്ങള്‍ ഉള്‍പ്പെട്ട വനത്തിലെ ഒരു പരാദത്തെ  ഓര്‍മ്മവന്നു, കുളയട്ട ചെറു നനവുള്ള കാനനപാതയിലുടനീളം അവയുണ്ട്. തരംകിട്ടിയാല്‍ കാലില്‍ പറ്റിച്ചേര്‍ന്ന് രക്തംകുടിക്കും കുടിച്ചുവീര്‍ത്ത് വലിയവലിപ്പത്തിലെത്തുമ്പോള്‍ മാത്രമാണ് നാം അതിനെ തിരിച്ചറിയുന്നത്


അട്ടയാര്‍ കടന്ന് ‍‍യാത്രമുന്നോട്ടുപോകുമ്പോള്‍ വഴിക്ക് അരുകില്‍ ആനപാത്തി എടുത്തിരിക്കു. വനപാലകരും ഗൈഡുകളും ആ പാത്തിക്കപ്പുറം ടെന്റടിച്ചാണ് ഇടത്താവളങ്ങളുണ്ടാക്കുന്നത്. കുറച്ചുകൂടി നടന്നപ്പോള്‍ ഒരു ചെറു അരുവി, അതു  കുട്ടിയാറിന്റെ കൈവഴിയാണ് ,. അതു കടന്നു ചെന്നപ്പോള്‍ വിശാലമായ പുല്‍മേടാണ്. ദൂരെ അഗസ്ത്യാര്‍കൂടം ഒരു നിഴലായികാണാം. മേഘങ്ങള്‍ വീദൂരത്തില്‍ ഒഴുകി നടക്കുന്നു. നിഴല്‍ മലകളില്‍ മാറിമാറി വിലസുന്നു. മുകളിലേയ്ക്ക് ഹെയര്‍പിന്നുപോലെ ഏഴുമടക്കന്‍മല… അതിലൂടെ നടക്കുമ്പോള്‍ വെയില്‍ നല്ലവണ്ണം ശരീരത്തെ തളര്‍ത്തും കൊടും വെയിലത്തും ഒരല്പം വിശ്രമിക്കാതെ മുന്നോട്ടുപോകാന്‍ ആര്‍ക്കുമാവില്ല. കത്തിക്കാളുന്ന വെയിലില്‍ തിളങ്ങിനില്‍ക്കുന്ന ഏഴുമടക്കന്‍മലതാണ്ടി മുട്ടിടിച്ചാണിലെത്തുമ്പോള്‍ വീണ്ടും വനമായി പ്രകൃതി തീര്‍ത്ത ശീതീകരിണിയിലൂടെ സുഖമുള്ള ഒരു യാത്ര. ജീവിത്തിന്റെ സുഖദുഃഖങ്ങളെ ഓര്‍മ്മപ്പെടുത്തുന്ന ഒരു യാത്രയായി എന്നും മനസിലവശേഷിപ്പിക്കാന്‍ പ്രകൃതി നമുക്കായി ഒരുക്കിയിരിക്കുന്നു. ശീതീകരിച്ച മുറിയിലെ വീര്‍പ്പുമുട്ടലുകള്‍ നമുക്ക് അന്യമാണെന്ന് പ്രകൃതി വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുന്നു. യാത്ര ഇന്നത്തേയ്ക്ക് അവസാനിപ്പിക്കണം , . കാട്ടുപൂക്കളും വന്‍വൃഷങ്ങളും ചെറുചെടികളും മാത്രമല്ല പ്രകൃതിസമ്പുഷ്ടമാക്കിയിരിക്കുന്ന വനവിഭവങ്ങളും കണ്ണിന് കൗതുകങ്ങളായി നിരന്ന് കാട്ടുപാതയ്ക്കിരുവശവും കൈത്തും ദൂരത്തില്‍ കാണാം.
പതിനെട്ടുകി.മീറ്റര്‍ താണ്ടി, അഗസ്ത്യമലയുടെ താഴ്വാരം അതിരുമല, അവിടെ വിശ്രമസങ്കേതമൊരുക്കി വനപാലകരും ഗൈഡും കാത്തിരിക്കുന്നു 
ബയിസ് ക്യാമ്പ്. ചുവരുകള്‍ കരിങ്കല്ലില്‍ തീര്‍ത്ത ഒരു കോണ്‍ക്രീറ്റ് കെട്ടിടം, വലിയ ഒരുഹാളും ഒരു വയര്‍ലസ് റൂമും അത് ഉള്‍ക്കൊള്ളുന്നു. അതിനോട് ചേര്‍ന്ന് കക്കൂസുകളും ഒരുക്കിയിട്ടുണ്ട്. താല്കാലികമായി പുല്ലില്‍ തീര്‍ത്ത ഷെഡ് ക്യാന്റീനായി പ്രവര്‍ത്തിക്കുന്നു. ഇതിന്റെ തളത്തിലിരുന്നു നോക്കിയാല്‍ അഗസ്ത്യാര്‍കൂടത്തിനെ എറ്റവും അടുത്ത് മുഴുവനായി കാണാം, മഴമേഘങ്ങള്‍ കനിയുമെങ്കില്‍ 


ഡോര്‍മിറ്ററിയുടെ വലതുഭാഗത്ത് പുല്‍മേടാണ്. അത് അഗസ്ത്യന്റെ താഴ്വാരവും, ഒരു ചെറു അരുവി ആ താഴ്വാരത്തിലൂടെ ഒഴുകുന്നുണ്ട്. വൈകുന്നേരങ്ങളിലെ കുളി അവിടുന്നാണ് ,കുളികഴിഞ്ഞ് തളത്തിലിരിക്കുമ്പോള്‍ ഇരുട്ടിനോടൊപ്പം തണുപ്പും  അതിനുശമനമായി ഒരിത്തിരി ചൂടുകഞ്ഞിയും . ഇനി ഉറങ്ങാം.

രാവിലെ ഉണര്‍ന്നു പ്രഭാതകൃത്യങ്ങള്‍ക്കുശേഷം  ക്യാന്റീനില്‍നിന്ന് ഭക്ഷണവും കഴിച്ച് യാത്ര ആരംഭിക്കാം  യാത്ര തുടങ്ങുന്നിടത്ത് ആദ്യത്തേതുപോലെ ഒരു വിളക്കുതറയുടെ മുന്നില്‍ നിന്നാണ്. വനദേവത, അവിടെ വണങ്ങി യാത്ര  പുനരാരംഭിക്കം ,.കുറച്ചു നടന്നപ്പോള്‍ വന്‍വൃഷങ്ങള്‍ നിലംപൊത്തി പാതയ്ക്ക് തടസമുണ്ടാക്കിയിരിക്കുന്നു. അതിനുമുകളിലൂടെ കയറിയിറങ്ങിയായിരുന്നു പിന്നീടുള്ളയാത്ര. ഉരുളന്‍പാറകളിലൂടെ നടക്കുന്നതിന് നല്ല ആയാസമാണ്. കൈയ്യില്‍ ഊന്നുവടി കരുതുന്നത്  പലസന്ദര്‍ഭങ്ങളിലും തെന്നിവീഴലുകളില്‍ നിന്നും രക്ഷപ്പെടാം . ഏറെയെത്തും മുമ്പുതന്നെ ഈറ്റക്കാടുകള്‍ കണ്ടുതുടങ്ങും . ഇവിടെ ആനകള്‍കാണാന്‍ സാദ്ധ്യതയുണ്ട് . കല്ലാനകളെക്കുറിച്ച്  കേട്ടറിവേയുള്ളൂ. കാട്ടുപോത്തുകളുടെ കുളമ്പിന്‍പാടുകള്‍ പലയിടങ്ങളിലും കാണാം . ഈറക്കൂട്ടം അനങ്ങുമ്പോള്‍ ആനയാണോ എന്ന് ഭയപ്പെടാം . കുറെയധികം നടക്കുന്പോള്‍  ചെറു അരുവികളും പാറക്കൂട്ടങ്ങളും കണ്ടുതുടങ്ങും  അവിടെ കുറച്ചുവിശ്രമിച്ച് പാറക്കുട്ടങ്ങള്‍ക്കിടയ്ക്കുള്ള ചെറുവഴികളിലൂയെ മുന്നോട്ടുപോവുക . പാറകള്‍ക്കിടയ്ക്ക് പൊക്കംകുറഞ്ഞ വൃഷങ്ങള്‍ നിറയെ പലനിറത്തിലുള്ള പൂക്കള്‍ചൂടി വസന്തമാഘോഷിക്കുന്നു. ഒരു ഛായാഗ്രാഹകന് പകര്‍ത്താവുന്നതിലുമേറെ വര്‍ണ്ണങ്ങള്‍. അവിടെനിന്ന് നോക്കിയാല്‍ നിങ്ങള്‍ വിശ്രമിച്ച അതിരുമലയിലെ സങ്കേതം ഒരു കളിവീടുപോലെകാണാം.

കുറേനേരം ആധുനിക പാര്‍ക്കിലെ പൂന്തോട്ടങ്ങളെ വെല്ലുന്ന പ്രകൃതിയില്‍ ലയിച്ച്  യാത്ര ചെയ്യാം . . മിനുസമുള്ള ഒരു പാറകയറിചെന്നപ്പോള്‍ കണ്ണാടിപോലെയുള്ള ഒരുറവ അത് അരുവിയായി താഴേയ്ക് ഒഴുകുന്നു. തമിഴ്നാട്ടിലെ താമ്രഭരണിയുടെ കൈവഴിയാണ. വനവാസക്കാലത്ത് സീതാദേവി കുളിച്ച സീതാതീര്‍ഥമാണ് അതെന്നും ആദിവാസികള്‍ വിശ്വസിക്കുന്നു. 


കുളികഴിഞ്ഞ് ഒരു വലിയ തൂക്കായ പാറ കയറിവേണം പൊങ്കാലപ്പാറയിലെത്താന, , അകലെ പുല്‍മേടുപോലുള്ള മലനിരകള്‍കാണാം. പാറയ്ക്കുമുകളിലെത്തിയപ്പോള്‍ പൊങ്കാലപ്പാറ, അവിടെ വേണമെങ്കില്‍  പൊങ്കാലയര്‍പ്പിക്കാം . നല്ല കാറ്റുള്ള പ്രദേശത്ത് ഒരിത്തിരിഭാഗത്തുമാത്രമാണ് പൊങ്കാലയിടാന്‍ സാധിക്കുക. അതിനും മുകളിലായി കുത്തനെയുള്ള പാറയ്ക്കുമുകളില്‍ ഒരു ഗണപതിപ്രതിഷ്ഠയുണ്ട് അവിടെ കയറിപ്പറ്റാന്‍ ഒരിത്തിരി പ്രയാസമാണ്. . താഴെ പൊങ്കാലയടുപ്പിനരുകിലായി ഒരു പൊന്തക്കാട് അതിനുള്ളിലും മലദൈവത്തിന്റെ ഏന്തോ പ്രതിഷ്ഠ. എല്ലാം ആചാരങ്ങളായി ആദിവാസികള്‍ അനുവര്‍ത്തിക്കുന്നു.
പൊങ്കാലപാറയില്‍ കുമ്പിട്ട് പതിയെ പാറകള്‍ കയറിത്തുടങ്ങം  വലിയ വലിയ പാറക്കുട്ടങ്ങള്‍ ചെറുതാഴ്വാരങ്ങള്‍ അരുവികള്‍ .കാഴ്ചകളും അനുഭവങ്ങളും സാഹസികതയും മനസ്സിനെ ഉല്ലാസപ്രഥമാക്കികൊണ്ടിരുന്നു. ഒരു വഴുക്കന്‍ പാറയ്ക്ക് മുമ്പിലെത്തുന്നതിനായി നടക്കുമ്പോള്‍ ആരോ മരുന്നുണ്ടാക്കാനായി വിശാലമായ പാറയില്‍ ഒരു ഉരള്‍ക്കുഴി തയ്യാറാക്കിയിരിക്കുന്നു. ഊന്നുവടി കുത്തിപ്പിടിച്ച് വലിഞ്ഞിഴഞ്ഞ് ഈ പാറ കയറുമ്പോള്‍ നാം കരുതും ഇതാവണം അഗസ്ത്യാരുടെ ഉച്ചിയെന്ന് . എന്നാല്‍ അതിനുമപ്പുറത്ത് ഒരു പുതിയ വനപ്രദേശം ദൃശ്യമാകുമ്പോള്‍ നാം അറിയാതെ പ്രകൃതിയുടെ മാസ്മരിക വലയത്തിലേയ്ക്ക് എത്തിപ്പെടുന്നു.
ഇത്രയും ഉയരത്തില്‍ പാറകള്‍ക്കുമപ്പുറത്ത് ഒരു പുതിയ വനസഞ്ചയം അതില്‍ അപൂര്‍വ്വയിനം പച്ചമരുന്നുകള്‍ പൂക്കള്‍ കിളികള്‍ കുഞ്ഞ് അരുവികള്‍ ‍…, വര്‍ണ്ണിക്കാവുന്നതിലുമേറെ. അതെത്തിനില്‍ക്കുന്നതോ ഒരാള്‍ക്ക് കഷ്ടിച്ച് കടന്നുപോകാവുന്നതായ പാറയിടുക്ക് അതിലൂടെ തപ്പിപ്പിടിച്ച് മുകളിലെത്തുമ്പോള്‍ ഗ്രാമത്തിലെ കാവുകളെ അനുസ്മരിപ്പിക്കുമാറ് വള്ളികളും ചെറുമരങ്ങളും വഴുക്കല്‍ തൊളിനിറഞ്ഞതുമായ കുഞ്ഞുപാതകള്‍ . . . അതുകയറിചെന്നെത്തിയത് തൂക്കായ ഒരു വന്‍ പാറയുടെ മുന്നിലാണ് . മഞ്ഞുതുള്ളികള്‍ ലയിപ്പിച്ച് കാറ്റ് നീങ്ങളെ വാരിപ്പുണരും



വഴുക്കല്‍ നിറഞ്ഞ കൂറ്റന്‍പാറകയറുന്നതിന് സഹായകമായി വലിയ കയറുകള്‍ കെട്ടിയിട്ടുണ്ട് . ഒരുവിധത്തില്‍ തൂങ്ങികയറി മുകളിലെത്തിയപ്പോള്‍ കള്ളിച്ചെടികളും ചെറുസസ്യങ്ങളും പൂത്ത് നിറഞ്ഞ ഒരടിവാരം. അത് എളുപ്പം പിന്നിടാന്‍ കഴിയും . ഇനി രണ്ടു വലിയപാറകള്‍ കൂടി കയറിയാല്‍ കൂടത്തിലെത്താം. . മഞ്ഞു് തലമുടികളിലും ശരീരത്തിലും പറ്റിപിടിക്കും . മേഘത്തിനോട് തൊട്ടുരുമി  പാറകയറി മുകളിലെത്താം … അഗസ്ത്യാര്‍കൂടത്തിന്റെ നെറുകയില്‍. ഒരിക്കലും കൈവെള്ളകൊണ്ട് മേഘത്തിനെ തൊഡാം . ഇതിനെല്ലാം അത്ഭുതമായി കൂടത്തിന്റെ ഒരുകോണില്‍ അഗസ്ത്യരുടെ ഒരു പൂര്‍ണ്ണകായ പ്രതിമ. അവിടെ ഒരു പച്ചതുരുത്ത് അതിനെല്ലാമുപരി അവിടെ ഒരു കല്‍വിളക്ക് കത്തുന്നു. ഇത്രയും ശക്തമായ കാറ്റിനും മേഘപാളികള്‍ക്കുമിടയ്ക്ക് ഒരു തടസവുമില്ലാതെ.
 മേഘങ്ങള്‍   നീങ്ങളെ പരസ്പരം മറയ്ക്കും  . അവിടെനിന്നുള്ള കാഴ്ച അതിമനോഹരമാനു  . അങ്ങകലെ പഞ്ചപാണ്ഡവരെന്നു വിശേഷിപ്പിക്കുന്ന അഞ്ചുമലനിരകള്‍ ഒരേ ഉയരത്തില്‍ കാണാം . ഇനി  പതിയെ മലയിറങ്ങാം . വളരെ സാഹസികമാനു  മലയിറക്കം, പരസ്പരം കാണുക തന്നെ അസാധ്യമായിരിക്കെ വഴികള്‍ തപ്പിതടഞ്ഞ് കിഴുക്കാം തൂക്കായ പാറക്കെട്ടുകള്‍ പൊങ്കാലപ്പാറവരെ നിങ്ങള്ക്ക് ദുസ്സഹമായിരിക്കും 

  . കുട്ടിയാറും അട്ടയാറും കരമനയാറുംകടന്ന് നിങ്ങള്‍ ബോണക്കാടെത്തും ….. യാത്രയുടെ സുഖം മനസ്സില്‍ എന്നന്നേയ്ക്കും കോറിയിട്ട് വാഹനത്തില്‍ തിരികെ നാട്ടിലേയ്ക്ക്,

അന്നേത്തേയ്ക്ക് അവിടെ കഴിച്ചുകൂട്ടി പിറ്റേന്ന് തിരികെയിരങ്ങം .  ഏഴുമടക്കന്‍ മലയിലെ പുല്‍മേട്ടില്‍ ഞങ്ങളെ സ്വാഗതം ചെയ്യുമ്പോലെയുള്ള മഴവില്ലിന്റെ വലിയ കമാനം ഭാഗ്യമുണ്ടെങ്കില്‍ കാണാം 

കുട്ടിയാറും അട്ടയാറും കരമനയാറുംകടന്ന് നിങ്ങള്‍ ബോണക്കാടെത്തും ….. യാത്രയുടെ സുഖം മനസ്സില്‍ എന്നന്നേയ്ക്കും കോറിയിട്ട് വാഹനത്തില്‍ തിരികെ നാട്ടിലേയ്ക്ക്,… .
യാത്രാവേളയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍- • പ്ളാസ്റ്റിക്ക് വസ്തുക്കള്‍ യാത്രയില്‍ നിന്നും ഒഴിവാക്കുക. • യാത്ര ദൈര്‍ഘ്യമേറിയതായതിനാല്‍ ലഘു ഭക്ഷണ പദാര്‍ഥങ്ങള്‍ കൈയ്യില്‍ കരുതണം. • 2 ലിറ്റര്‍ വെള്ളമെങ്കിലും കൊള്ളുന്ന കുപ്പി കരുതുക. വഴിയിലെ അരുവികളിലെ ജലം ഉപയോഗിക്കാന്‍ കഴിയുന്നതാണ്. • നടന്നും മലകള്‍ കയറിയും 28 കിലോ മീറ്ററുകള്‍ പോകേണ്ടതുള്ളതിനാല്‍ പാദരക്ഷകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതാണ്. ക്യാന്‍വാസുകളോ, ഷൂസോ തിരഞ്ഞെടുക്കുക. • രക്ത സമ്മര്‍ദ്ദരോഗികള്‍ പരമാവധി ഈ യാത്ര ഒഴിവാക്കുക. • സുരക്ഷയെ സംമ്പന്ധിച്ചുളള പ്രശ്നങ്ങള്‍ ഉളളതിനാല്‍ സ്ത്രീകളെ മലകയറാന്‍ സാധാരണ അനുവദിക്കാറില്ല. • മൂന്ന് ദിവസത്തെ യാത്രയാണ് ആകെ ഉളളത്. • ആകര്‍ഷതയാര്‍ന്ന വസ്ത്രങ്ങള്‍ ഒഴിവാക്കുക, അടഞ്ഞ നിറത്തിലുളളതും യാത്രക്ക് സൌകര്യപ്രദവുമായ വസ്ത്രങ്ങള്‍ ഉപയോഗിക്കുക. • മൃഗങ്ങളെ ശല്ല്യപ്പെടുത്തരുത്. • അത്യാവശ്യങ്ങള്‍ക്കായി മെഡിക്കല്‍ കിറ്റ് കരുതുക. • ഒറ്റപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുക, ഒരിക്കലും തനിയെ നടന്ന് നീങ്ങരുത്. • ലഹരി വസ്തുക്കള്‍ ഉപയോഗിക്കരുത്. • കാട്ടില്‍ നിന്നും ഒരു വസ്തുവും പിഴുതെടുക്കുവാനോ, പറിച്ചെടുക്കുവാനോ പാടില്ല. ഏറെ വിസ്മയങ്ങളുമായി തല ഉയര്‍ത്തി നില്‍ക്കുന്ന നമ്മുടെ ഈ കൊച്ചുകേരളത്തിലെ ഈ മനോഹര മലനിരകള്‍ അറിവുകളുടെ ഭണ്ഡാരം കൂടിയാണ്.വനം വകുപ്പിന്റെ അനുമതിക്കായി ബന്ധപ്പെടേണ്ട വിലാസം, ദ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍, ഫോറസ്റ് ഡിപ്പാര്‍ട്ട്മെന്റ്, പി.റ്റി.പി നഗര്‍, തിരുവനന്തപുരം. ഫോണ്‍: +91-471-2368607. തിരുവനന്തപുരമാണ് ഏറ്റവും അടുത്ത റെയില്‍വേ സ്റേഷനും എയര്‍ പോര്‍ട്ടും. പൊന്‍മുടി വഴി പോകുന്നതാകും ഏറെ സൌകര്യപ്രദം,The Wildlife Warden, Agasthyavanam Biological Park, Rajeev Gandhi Nagar, Vattiyourkavu.P.O. Trivandrum 695013 Phone:             0471-2360762       .  

No comments:

Post a Comment