Sunday 27 October 2013























വയലാര് രാമവര്മ്മ വിടപറ ഞ്ഞിട്ടു 38 വർഷങ്ങൾ 



സ്‌നേഹിക്കയില്ല ഞാന്‍
നോവുമാത്മാവിനെ
സ്‌നേഹിച്ചിടാത്തൊരു
തത്വശാസ്ത്രത്തെയും 


എന്ന് പാടിയ മലയാളിയുടെ പ്രിയ കവി താൻ രചിച്ച രണ്ടായിരത്തിൽ പരം സിനിമാ ഗാനങ്ങളിലൂടെ മാത്രം മലയാളിമാനസ്സുകളിൽ ജീവിക്കുന്നു .....എത്രകാലം മലയാള ഭാഷ ഈ ഭൂമിയില ഉണ്ടാകുമോ അത്രനാളും വയലാറും ജീവിക്കും ..മനുഷ്യനെയും പ്രകൃതിയെയും ഒന്നിച്ച് സ്നേഹത്തിന്റെ ഭാഷയും മലയാളിയെ പഠിപ്പിച്ച വയലാറിന് സ്മരണാഞ്ജലി .....
 രാഘവപറമ്പിലെ ചിതയണഞ്ഞിട്ടും രാഗസദസ്സില്‍ വയലാര്‍ ദീപ്തസ്മരണകളോടെ ഇന്നും നിത്യവസന്തമായി വിസ്മയമായി തുടരുന്നു. വയലാര്‍ രാമവര്‍മ്മ ജന്മേമികിയ ഗാനങ്ങള്‍ അനര്‍ഗ്ഗളം ഒഴുകിതലമുറകള്‍ പിന്നിട്ട് ആസ്വാദ്യകരമായി തുടരുമ്പോള്‍  അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ പുതിയകാലത്തിന്റെ തിരിച്ചറിവുകള്‍ കൂടിയാണ്. ബലികുടീരങ്ങളെ.., മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു, ഈശ്വരന്‍ ഹിന്ദുവല്ല, അദ്വൈതം ജനിച്ചനാട്ടില്‍, തങ്കതാഴികകുടമല്ല താരപഥത്തിലെ രഥമല്ല, കായാമ്പൂ കണ്ണില്‍ വിടരും....അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ സംഘടിതശക്തിക്ക് ധീരമായി വീര്യം പകര്‍ന്ന് അനാചാരങ്ങളേയും അന്ധവിശ്വാസങ്ങളേയും ചോദ്യം ചെയ്ത് തത്വചിന്താപരമായി കാലത്തോടൊപ്പം സഞ്ചരിച്ച കവി പ്രണയത്തിന്റെ ഭാവദീപ്തിയേയും രതിഭാവനകളേയും അതിമനോഹരമായി വരച്ചിട്ടുകൊണ്ടാണ് കാലത്തെ അതിജീവിച്ച് ഇന്നും മലയാളിയുടെ ഉള്ളില്‍ നിറഞ്ഞുനില്‍ക്കുന്നത്. മലയാള കാവ്യ നാടകചലച്ചിത്രലോകത്തിന് വയലാര്‍ നല്‍കിയ സംഭാവനകള്‍ നിസ്തുലമാണ്. ഇരുനൂറില്‍പരം ചിത്രങ്ങളിലൂടെ രണ്ടായിരത്തോളം പാട്ടുകള്‍ മലയാളസിനിമയ്ക്കു നല്‍കിയ വയലാര്‍ ഗാനങ്ങള്‍ എല്ലാം തന്നെ ഏറെ പ്രസക്തവും മലയാളിയുടെ ജീവിതത്തിന്റെ ഗതിമാറ്റിയവയുമായിരുന്നു. ഏറ്റവും പുതിയതലമുറയും വയലാര്‍ കവിതകളെ ഗാനങ്ങളെ ആവേശത്തോടെ സമീപിക്കുന്നു കൊണ്ടു നടക്കുന്നു. വയലാര്‍ ദേവരാജന്‍ യേശുദാസ് ടീം അനശ്വരമാക്കിയ മലയാളചലച്ചിത്രം ഗാനശാഖ ഇന്ന് അക്ഷരാര്‍ത്ഥത്തില്‍ ബഹളമയമായി തീരുമ്പോഴാണ് ഇന്നും പ്രസക്തമായ ഭൂതകാലത്തിന്റെ സംഗീതം നമ്മെ ആവേശം കൊള്ളിക്കുന്നത്. നാല്‍പത്തേഴു വര്‍ഷം മാത്രം ഈ നിത്യഹരിതയാം ഭൂമിയില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ട വയലാറിന്റെ സര്‍ഗ്ഗ സംഭാവനകള്‍ മലയാളത്തിന്റെ എക്കാലത്തേയും ഓര്‍മ്മകള്‍ക്ക് കൂട്ടിരിക്കും. നാലുതവണ കേരള സംസ്ഥാന അവാര്‍ഡ് ഒരു തവണ നേഷനല്‍ അവാര്‍ഡ് (മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു) ചലച്ചിത്ര രംഗത്തെ സംഭാവനകള്‍ക്ക് നേടിയ വയലാറിന്റെ പേരിലുള്ള അവാര്‍ഡ് (വയലാര്‍ അവാര്‍ഡ്) ഇന്ത്യയിലെ ഏറ്റവും മികച്ച സാഹിത്യ സംഭാവനയ്ക്കുള്ള അംഗീകാരങ്ങളിലൊന്നാണ്. 


വയലാര്‍ രാമവര്‍മ്മയെന്ന കവിയെ ഗാനരചയിതാവിനെ ഏറ്റവും കൂടുതല്‍ അംഗീകരിച്ചത് ആ സര്‍ഗ്ഗവൈഭവത്തെ നെഞ്ചേറ്റിയ മലയാളി ആസ്വാദകരാണ്. അനര്‍ഹമായ അവാര്‍ഡുകളും അംഗീകാരങ്ങളും കൊണ്ടും പൊറുതി മുട്ടുന്ന പുതിയകാലത്താണ് സൃഷ്ടികളുടെ മാറ്റ് കൊണ്ടുമാത്രം ഇന്നും സജീവമായി നിറഞ്ഞുനില്‍ക്കുന്ന വയലാര്‍ വീണ്ടും വീണ്ടും പ്രസക്തനാവുന്നത്