Sunday 21 October 2012

പ്രമേഹം എങ്ങനെ കണ്ടുപിടിക്കാം





പ്രമേഹം എങ്ങനെ കണ്ടുപിടിക്കാം

ആരംഭത്തില്‍ ലക്ഷണമൊന്നും പ്രകടിപ്പിക്കാത്തതുകൊണ്ടുതന്നെ പ്രമേഹം തുടക്കത്തിലേ കണ്ടെത്താറില്ല. ആരോഗ്യത്തെക്കുറിച്ച് ജനങ്ങള്‍ക്കുള്ള ഏറിയ ഉല്‍ക്കണ്ഠയും ബോധവല്‍ക്കരണവും മൂലം ഇന്ന് രോഗനിര്‍ണ്ണയത്തിനുള്ള സങ്കേതങ്ങള്‍ കുറെയൊക്കെ പ്രയോജനപ്പെടുത്താന്‍ തുടങ്ങിയിട്ടുണ്ട്. രോഗം വന്നതിനുശേഷം ചികില്‍സിക്കുന്നതിനേക്കാള്‍ എത്രയോ നല്ലത് രോഗം വരാതിരിക്കാന്‍ നോക്കുന്നതാണ് എന്ന വസ്തുത ആധുനികസമൂഹം ഉള്‍ക്കൊള്ളുന്നുണ്ട്.
    രോഗനിര്‍ണ്ണയം വൈകിപ്പോകുമ്പോള്‍ ചികില്‍സയും ദൈനംദിനജീവിതവും കൂടുതല്‍ സങ്കീര്‍ണ്ണതകളിലേക്കു കടക്കുന്നു. എന്നാല്‍ പ്രാരംഭദശയില്‍ത്തന്നെ അറിഞ്ഞാല്‍  വലിയ ബുദ്ധിമുട്ടുകളില്ലാതെ രോഗത്തെ നിയന്ത്രിച്ചുനിര്‍ത്താനാവും. 30 വയസു കഴിഞ്ഞാല്‍ വര്‍ഷത്തിലൊരിക്കലെങ്കിലും പരിശോധനയ്ക്കു വിധേയമാകണം. അഥവാ, അമിതവിശപ്പ്, അമിതദാഹം, ഇടയ്ക്കിടെ മൂത്രമൊഴിക്കല്‍, കൈകാല്‍തരിപ്പ്, ഉണങ്ങാത്ത മുറിവ്, അസാധാരണമായി ഭാരം കുറയുകയോ കൂടുകയോ ചെയ്യുക എന്നീ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാലുടനെ ഡോക്ടറെ സമീപിക്കുകയും രോഗനിര്‍ണ്ണയം നടത്തുകയും വേണം.
രക്തപരിശോധന മൂന്നു തരത്തില്‍
    പ്രമേഹരോഗം കണ്ടുപിടിക്കാന്‍ ഇന്ന് പല മാര്‍ഗ്ഗങ്ങളുണ്ട്. പൊതുവെ മൂന്നു രീതിയിലാണ് രക്തത്തിലെ ഗ്ളൂക്കോസിന്റെ നില തിട്ടപ്പെടുത്തുന്നത്. ആഹാരത്തിനു മുമ്പ്, ആഹാരത്തിനു ശേഷം, ഭക്ഷണനിയന്ത്രണില്ലാതെ എന്നിങ്ങനെ മൂന്നു തരത്തില്‍ രക്തപരിശോധന നടത്തുന്നു.
    1.  ഷുഗര്‍ നില ആഹാരത്തിനു മുമ്പ്
        100 00 mg/dl-ല്‍ താഴെ        നോര്‍മല്‍
        100-125                പ്രമേഹസാധ്യത
        125 നു മുകളില്‍        പ്രമേഹം
    2.  ഷുഗര്‍ നില ആഹാരത്തിനു ശേഷം രണ്ടു മണിക്കൂറിനകം
        100 mg/dl- താഴെ        നോര്‍മല്‍
        100-199                പ്രമേഹസാധ്യത
        200 നു മുകളില്‍        പ്രമേഹം
    3.  ഷുഗര്‍ നില ഏതെങ്കിലും സമയത്ത് (random)
        140 mg/dlല്‍ താഴെ        നോര്‍മല്‍
        140-199                പ്രമേഹസാധ്യത
        200 നു മുകളില്‍        പ്രമേഹം
    മുകളില്‍ പറഞ്ഞ മൂന്നു സാഹചര്യങ്ങളില്‍ ഏതെങ്കിലും ഒന്ന് പരിധിക്കു മുകളിലായാല്‍ പ്രമേഹമുണ്ടെന്ന് ഉറപ്പിക്കാം. ഈ മൂന്നു രീതികളിലും രക്തപരിശോധയിലൂടെയാണ് പ്രമേഹം സ്ഥിരീകരിക്കുന്നത്. രോഗമുണ്ടെന്നു കണ്ടെത്തിയാല്‍ ഇടയ്ക്കിടെ ഈ പരിശോധന നടത്തേണ്ടിവരും. ഭക്ഷണം കഴിക്കാതെയും നിര്‍ദ്ദിഷ്ടഭക്ഷണം കഴിച്ചും ലാബില്‍ എത്തുന്ന രോഗിയുടെ രക്തം കുത്തിയെടുത്ത് പരിശോധിക്കുമ്പോള്‍ ഫലം പോയിന്റായി രേഖപ്പെടുത്തുന്നു.
മൂത്രപരിശോധന
    പ്രമേഹം കണ്ടത്താനുള്ള പ്രാഥമികപരിശോധനയാണ് ഇത്. എന്നാല്‍ ഈ പരിശോധനയെ പൂര്‍ണ്ണമായി ആശ്രയിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാറില്ല. മൂത്രപരിശോധന നടത്തുന്നത് ഇപ്രകാരമാണ്. 5 മില്ലി ബനഡിക്റ്റ് ലായനി (മെഡിക്കല്‍ സ്റോറില്‍ ലഭിക്കും) തിളപ്പിച്ചശേഷം അതില്‍ 3 തുള്ളി മൂത്രം ഇറ്റിച്ചശേഷം വീണ്ടും തിളപ്പിക്കുന്നു. നിറഭേദമുണ്ടെങ്കില്‍ പ്രമേഹമുണ്ടെന്നാണ് സൂചന. പക്ഷേ, മൂത്രത്തിലെ മറ്റു ചില ഘടകങ്ങളും നിറംമാറ്റത്തിന് കാരണമാകാറുണ്ട്. അതുകൊണ്ടാണ് ഈ നിര്‍ണ്ണയരീതി അവസാനവാക്കല്ല എന്നു പറയുന്നത്.
ഫാസ്റിങ് ബ്ളഡ് ഷുഗര്‍ (FBS): രാവിലെ ആഹാരത്തിനു മുമ്പ് രക്തത്തിലെ ഗ്ളൂക്കോസ് നില പരിശോധിക്കുന്നതിനാണ് ഫാസ്റിങ് ബ്ളഡ് ഷുഗര്‍ എന്നു പറയാറ്. എട്ടു മണിക്കൂറെങ്കിലും ഭക്ഷണം കഴിക്കാതിരുന്ന ഈ സമയത്ത് പ്രമേഹമില്ലാത്ത ഒരാളുടെ ഷുഗര്‍നില 100-ല്‍ താഴെയായിരിക്കും. 100 നും 125 നുമിടയിലാണെങ്കില്‍ പ്രമേഹത്തിനു സാധ്യതയുണ്ട്. പോയിന്റ് നില 125 നു മുകളിലാണെങ്കില്‍ പ്രമേഹമുണ്ടെന്ന് വ്യക്തം. എന്നാല്‍ ആദ്യപരിശോധനയുടെ ഫലം മാത്രം നോക്കി ചികില്‍സ തുടങ്ങാറില്ല. ഒരുവട്ടം കൂടി ഇതേ പരിശോധന നടത്തുകയും ഫലം വീണ്ടും പോസിറ്റീവാണെങ്കില്‍ മാത്രം ചികില്‍സിച്ചുതുടങ്ങാം. ആദ്യപരിശോധനയില്‍ രോഗമുണ്ടെന്ന് കണ്ടെത്തിയാല്‍ രണ്ടോ മൂന്നോ ദിവസത്തിനുശേഷം അടുത്ത പരിശോധനയ്ക്ക് വിധേയമാകണം.

No comments:

Post a Comment