Friday 19 October 2012

മലയാളത്തിന്‍റെ മുഖശ്രീ മാഞ്ഞിട്ട് ആറുവര്‍ഷം

മലയാള സിനിമയുടെ അപൂര്‍വ്വ ഭാഗ്യമായിരുന്നു  ശ്രീവിദ്യ. അഭിനയിച്ച വേഷങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതാക്കി ഈ അനുഗ്രഹീത നടി .

സിനിമയിലും സീരിയലിലും തിളങ്ങിയ  താരമാണ് ശ്രീവിദ്യ.തമിഴകത്തുനിന്ന് എത്തിയ ഈ നടിയെ മലയാളം നെഞ്ചേറ്റി ലാളിക്കുകയായിരുന്നു. നസീറിനൊപ്പം അഭിനയിക്കുമ്പോഴും, കുഞ്ചാക്കോ ബോബനൊപ്പം അഭിനയിക്കുമ്പോഴും മലയാളി സ്നേഹിക്കുകയായിരുന്നു  ആ വശ്യ സൗന്ദര്യത്തെ. 
മലയാള സിനിമയുടെ മുഖശ്രീയായിരുന്ന നടി ശ്രീവിദ്യ ജീവിതത്തിന്‍റെ തിരശ്ശീലക്കു പിന്നിലേക്ക് മാഞ്ഞിട്ട് ഇന്ന് ആറുവര്‍ഷം പൂര്‍ത്തിയാവുന്നു. നാലുപതിറ്റാണ്ടോളം തെന്നിന്ത്യന്‍ സിനിമയില്‍ നായികയായും സഹോദരിയായും അമ്മയായുമെല്ലാം പ്രകാശം പരത്തിനിന്ന സുന്ദര സാന്നിധ്യമായിരുന്നു ശ്രീവിദ്യ. വശ്യമായ ചിരിയും കടലാഴമുള്ള കണ്ണുകളും കൊണ്ട് അവര്‍ പ്രേഷകമനസ്സില്‍ തീര്‍ത്ത സുന്ദരദൃശ്യങ്ങള്‍ കാലത്തിന്‍റെ തിരശീലക്കും മായ്ക്കാനാവാത്ത ഓര്‍മയാണ്. നിത്യവസന്തം പോലെ പ്രകാശം പരത്തിനിന്ന ആ സൗന്ദര്യ ദീപ്തിയുടെ അന്ത്യം തെന്നിന്ത്യന്‍ സിനിമാലോകത്തിന് വരുത്തിവച്ച നഷ്ടം വളരെ വലുതാണ്.

തമിഴ് നടന്‍ കൃഷ്ണമൂര്‍ത്തിയുടെയും കര്‍ണാടക സംഗീതജ്ഞ എം.എല്‍.വസന്തകുമാരിയുടെയും മകളായി ജനിച്ച ശ്രീവിദ്യയ്ക്ക് കലയോടുളള താല്‍പര്യം ജന്മസിദ്ധമായിരുന്നു. പാട്ടും നൃത്തവും നിറഞ്ഞ ബാല്യകാലം പിന്നിട്ടപ്പോള്‍ സിനിമയായിരുന്നു ശ്രീവിദ്യയെ മോഹിപ്പിച്ചത്. ശ്രീത്വമുളള ആ മുഖം വെളളിത്തിരയിലൂടെ ആദ്യം കണ്ടത് തമിഴരാണ്. ചിത്രം തിരുവരുള്‍ചെല്‍വര്‍. പിന്നീട് കെ.ബാലചന്ദറിന്റെ അപൂര്‍വരാഗങ്ങളിലൂടെയാണ് ശ്രീവിദ്യ തമിഴകത്ത് പ്രശസ്തയായത്.
ഇതിനിടെ 1969-ല്‍ കുമാരസംഭവത്തിലെ നര്‍ത്തകിയായി അവര്‍ മലയാളത്തിലെത്തി. ചട്ടമ്പിക്കവലയെന്ന ചിത്രത്തിലൂടെ നായികാപദവി നേടി മലയാളത്തിന്റെ താരറാണിയായി വളര്‍ന്നു. മധു-ശ്രീവിദ്യ ജോഡി മലയാളത്തിലെ എക്കാലത്തേയും മികച്ച താരജോഡിയായി. കുടുംബിനിയുടെ റോളില്‍ ശ്രീവിദ്യയല്ലാതെ മറ്റാരേയും സങ്കല്‍പ്പിക്കാന്‍ കഴിയാത്ത നാളുകളായിരുന്നു അത്. അഭ്രപാളിയിലെ ശ്രീവിദ്യയുടെ വളര്‍ച്ച മലയാളവും തമിഴും കടന്ന് തെലുങ്കിലും ഹിന്ദിയിലുമെത്തി.
ബാലതാരമായും നായികയായും അമ്മയായും കരുത്തുറ്റ ഒട്ടേറെ കഥാപാത്രങ്ങള്‍ അവര്‍ വെളളിത്തിരയ്ക്കു സമ്മാനിച്ചു. എണ്ണൂറിലധികം ചിത്രങ്ങളില്‍ വേഷമിട്ട ശ്രീവിദ്യ കിട്ടിയ വേഷങ്ങളൊക്കെ ഒന്നിനൊന്ന് മികച്ചതാക്കി. ഇരകള്‍, വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍, കാറ്റത്തെ കിളിക്കൂട്, തീക്കനല്‍, ചെണ്ട, അയനം, ആരാന്റെ മുല്ല കൊച്ചുമുല്ല, സ്വാതിതിരുനാള്‍, എന്റെ സൂര്യ പുത്രിക്ക്, ആദാമിന്റെ വാരിയെല്ല്, ദൈവത്തിന്റെ വികൃതികള്‍, അനിയത്തി പ്രാവ് , കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ തുടങ്ങി ശ്രീവിദ്യ തിളങ്ങിയ ചിത്രങ്ങള്‍ അനവധി.
മികച്ച ഗായികകൂടിയായിരുന്ന ശ്രീവിദ്യ നിരവധി വേദികളില്‍ സംഗീതക്കച്ചേരിയും അവതരിപ്പിച്ചിട്ടുണ്ട്. മെഗാപരമ്പരകളിലൂടെ മിനിസ്ക്രീന്‍പ്രേക്ഷകര്‍ക്കും അവര്‍ പ്രിയങ്കരിയായി. പ്രണയം, വിവാഹം, വിവാഹമോചനം തുടങ്ങി ജീവിതത്തിലെ അപ്രതീക്ഷിതമായ വഴിത്തിരിവുകള്‍ക്കൊടുവില്‍ അര്‍ബുദവും അവരെ പിടികൂടി. ദുഖപര്യവസായിയായ സിനിമപോലെ 2006 ഒക്ടോബര്‍ 19-ന് ശ്രീവിദ്യ മരണത്തിന് കീഴടങ്ങി. ജീവിതം കലയ്ക്കു സമര്‍പ്പിച്ച ആ അതുല്യ നടി വെളളിത്തിരയ്ക്കു സമ്മാനിച്ച ഉജ്വലമുഹൂര്‍ത്തങ്ങള്‍ സിനിമയെ സ്നേഹിക്കുന്നവര്‍ക്ക് മറക്കാനാകില്ല

No comments:

Post a Comment