Thursday 18 October 2012

ഏലം

ഏലം
********************
ഇനങ്ങള്‍,
കൃഷി രീതി,
വിളവെടുപ്പ്, 

സംസ്കരണം,
ഔഷധ ഗുണങ്ങള്‍,
കീടങ്ങള്‍, കീട നിയന്ത്രണം..
***********************

ഭാരതത്തിന്റെ പല ഭാഗങ്ങളിലും, പ്രത്യേകിച്ച് കേരളത്തിലും ആസ്സാമിലും ധാരാളമായി കൃഷി ചെയ്തുവരുന്ന ഒരു സുഗന്ധ വ്യഞ്ജനമാണ്‌ ഏലം. സിഞ്ച്ബറേസി സസ്യകുടുംബത്തിൽപ്പെട്ട ഇതിന്റെ ശാസ്ത്രീയനാമം Elettaria cardamomum Maton എന്നാണ്‌. ഇംഗ്ലീഷിൽ ഇതിന്റെ പേര്‌ കാർഡമം (Cardamom) എന്നാണ്‌. ഏലം പ്രധാനമായും ഒരു സുഗന്ധവസ്തുവായാണ് ഉപയോഗിയ്ക്കുന്നത്. സുഗന്ധ വ്യഞ്ജനങ്ങളുടെ റാണി എന്നാണ് ഏലം അറിയപ്പെടുന്നത്. തണലും ഈർ‌പ്പമുള്ളതും, തണുത്ത കാലാവസ്ഥയുമുള്ള പ്രദേശങ്ങളിൽ ആണ് ഇത് കൂടുതലായി വളരുന്നത്. ഏലച്ചെടിയുടെ വിത്തിന് ഔഷധഗുണവും സുഗന്ധവുമുണ്ട്. ലോകത്ത് ഏറ്റവുമധികം ഏലം കൃഷിചെയ്യുന്നത് ഇന്ത്യയിലാണ്, ഇന്ത്യയിലാണെങ്കിൽ കേരളത്തിലും. 58.82% ആണ് കേരളത്തിലെ ഉത്പാദനം.

ഇനങ്ങൾ

മലബാർ, മൈസൂർ, വഴുക്ക എന്നിങ്ങനെ മൂന്നിനങ്ങളാണ് പണ്ടുമുതലേ കേരളത്തിൽ കൃഷിചെയ്ത് വരുന്നവ. മലബാർ ഇനം സമുദ്രനിരപ്പിൽ നിന്നും 600 മീറ്റർ മുതൽ 1200 മീറ്റർ വരെ ഉയരത്തിൽ കൃഷി ചെയ്യുന്നവയാണ്. മൈസൂർ, വഴുക്ക ഇനങ്ങൾ 900 മീറ്റർ മുതൽ 1200 മീറ്റർ വരെയുള്ള സ്ഥലങ്ങളിൽ കൃഷി ചെയ്യുന്നവയാണ്. നിർദ്ധാരണം സങ്കരണം എന്നീ കായികപ്രജനന വഴികളിലൂടെ രൂപപ്പെടുത്തി എടുത്തിട്ടുള്ള സങ്കരയിനങ്ങളാണ്‌ ഐ.സി.ആർ.ഐ.1,2, പി.വി.1,2, എം.സി.സി.-12, എം.സി.സി.-16, എം.സി.സി.-40, ഞള്ളാനി ഗോൾഡ് തുടങ്ങിയവ. ഹെക്ടറിന് 1456 കിലോഗ്രാം വിളവ് ലഭിക്കുന്ന ഒരിനമാണ് ഐ.ഐ.എസ്.ആർ കൊടക് സുവാസിനി. ജലസേചനം നൽകി ശാസ്ത്രീയമായി പരിചരിക്കുന്ന തോട്ടങ്ങളിലാണ് ഇതിന് കൂടുതൽ വിളവ് ലഭ്യമാകുക. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് സെന്ററാണ് ഈ ഇനം വികസിപ്പിച്ചെടുത്തത്.

കൃഷിരീതി

കൃഷി സ്ഥലത്ത് തണൽ കൂടുന്നതും കുറയുന്നതും ഏലത്തിന്റെ വളർച്ചയെ പ്രതികൂലമായി ബാധിക്കുന്ന ഘടകമാണ്‌. ഉയരം കൂടുതലുള്ള സ്ഥലത്തേക്കാൾ തണൽ ആവശ്യമുള്ളത് സമതലങ്ങളിൽ കൃഷി ചെയ്യുമ്പോഴാണ്‌. തോട്ടത്തിന്റെ വടക്ക് കിഴക്ക് ചരിവുകളിൽ തണൽ കുറയ്ക്കാവുന്നതാണ്‌. ജലസേചന സൗകര്യമുള്ള തോട്ടങ്ങളിലും മണ്ണിൽ ഈർപ്പം കൂടുതലുള്ള പ്രദേശങ്ങളിലും തണൽ കുറച്ചുമതിയാകും. തോട്ടത്തിൽ കാറ്റിനെ ചെറുക്കാനുള്ള ജൈവ വേലികൾ നടുന്നതും നന്നാണ്‌.

നടീൽ

മണ്ണിളക്കി ഒരുക്കിയ തോട്ടങ്ങളിൽ മഴക്കു മുൻപായി 90 സെ.മീ. നീളത്തിലും 90 സെ.മീ വീതിയിലും 45 സെ.മീ ആഴത്തിലും കുഴികൾ എടുത്ത്; അതിൽ കുഴിയിൽ നിന്നും എടുത്ത മേൽമണ്ണ് മൂന്നിലൊരു ഭാഗവും ബാക്കി ജൈവവളങ്ങൾ കൂട്ടിക്കലർത്തിയ മണ്ണും ചേർത്ത് നിറച്ച് തൈകൾ നടാവുന്നതാണ്‌. മഴ കുറവായ സ്ഥലങ്ങളിൽ 75 സെ.മീ വീതിയിലും 30 സെ.മീ താഴ്ചയിലും ചാലുകൾ നിർമ്മിച്ച് ഏകദേശം ഒന്നര മീറ്റർ വരെ അകലത്തിൽ തൈകൾ നടാവുന്നതാണ്‌. തൈകൾ കാറ്റുകൊണ്ട് ഇളക്കം തട്ടാതിരിക്കുന്നതിലേക്കായി താങ്ങുകളും നൽകുന്നു.

ജലസേചനം

കൃത്യമായ ജലസേചനം ഏലകൃഷിക്ക് അത്യന്താപേക്ഷിതമാണ്‌. വേനൽക്കാലത്ത് നനയ്ക്കുകയാണെങ്കിൽ ഏലത്തിൽ നിന്നും 50% വരെ അധിക വിളവ് ലഭിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. വേനൽക്കാലം ഇളം ചിനപ്പുകളുടേയും ശരങ്ങളുടേയും വികാസം നടക്കുന്ന സമയം കൂടിയാണ്‌. അതിനാൽ തന്നെ ജലസേചനം അത്യാവശ്യ ഘടകവുമാണ്‌. ഇതിലേക്കായി വലിയ ജലസംഭരണികൾ തയാറാക്കി പോട്ട് ഇറിഗേഷൻ, ഹോസ് ഇറിഗേഷൻ, സ്പ്രിംഗ്ലർ, ഡ്രിപ് ഇറിഗേഷൻ എന്നീ ജലസേചന രീതികളിൽ ഏതെങ്കിലും ഉപയോപ്പെടുത്താവുന്നതാണ്‌.

ശിഖരമൊരുക്കൽ

പഴയ തട്ടകൾ, ഉണങ്ങിയ ഇലകൾ, ഉണങ്ങിയ വേരുകൾ തുടങ്ങിയവ നീക്കം ചെയ്യുന്ന കൃഷിപ്പണിയാണ്‌ ശിഖരമൊരുക്കൽ എന്ന് അറിയപ്പെടുന്നത്. അവസാനത്തെ വിളവെടുപ്പ് കാലം കഴിഞ്ഞാണ്‌ ഇത് ചെയ്യുന്നത്. ഇങ്ങനെ കോതി എടുക്കുന്നവ ചെടിയുടെ ചുവട്ടിൽ പുതയിടുന്നതിനായി ഉപയോഗിക്കുന്നു.

വളപ്രയോഗം

വളപ്രയോഗത്തിൽ പ്രത്യേകിച്ചും രാസവളപ്രയോഗത്തിൽ വളരെയധികം ശ്രദ്ധിക്കേണ്ട ഒരു സസ്യമാണ്‌ ഏലം. മണ്ണുപരിശോധനയിലൂടെ മാത്രമേ രാസവളം നൽകാറുള്ളൂ. ഏലത്തിന്‌ എറ്റവും നല്ലത് ജൈവവളങ്ങളാണ്‌. ചെടിയൊന്നിന്‌ വേപ്പിൻ പിണ്ണാക്ക് രണ്ട് കിലോഗ്രാം, അല്ലെങ്കിൽ കോഴിക്കാഷ്ഠമോ കാലിവളമോ രണ്ടരകിലോഗ്രാം വീതം മെയ്- ജൂൺ മാസങ്ങളിൽ ഒറ്റതവണയായിട്ടാണ്‌ നൽകുന്നത്. ഇതുകൂടാതെ ഹെക്ടർ ഒന്നിന്‌ യൂറിയ 165 കി.ഗ്രാം., രാജ്ഫോസ് 375 കി.ഗ്രാം., പൊട്ടാഷുവളം 250 കി.ഗ്രാം എന്ന കണക്കിൽ നൽകണം. ഇത് തുല്യ തവണകളായി കാലവർഷത്തിനു മുൻപായും കാലവർഷത്തിനു ശേഷവും മണ്ണുമായി ഇളക്കി യോജിപ്പിക്കുക.

രോഗങ്ങള്‍


ഏലപ്പേൻ (ത്രിപ്സ്)

ഏലത്തിന്‌ വളരെയധികം ഭീഷണി ഉയർത്തുന്ന പ്രാണിയാണ്‌ ഏലപ്പേൻ. മഴക്കാലത്ത് പക്ഷേ ഇതിന്റെ ശല്യം കുറവായിരിക്കും. കായ്കളെയാണ്‌ പ്രധാനമായും ഇത് നശിപ്പിക്കുന്നത്. മുട്ടകൾ വിരിഞ്ഞുണ്ടാകുന്ന പുഴുക്കളുടെ ആദ്യത്തെ രണ്ട് ദശകളിൽ മാത്രമാണ്‌ ഏറ്റവുമധികം ശല്യമുണ്ടാക്കുന്നത്. ക്വിനാഅൽഫോസ്-0.025% 100 മി.ലി., ഫെന്തയോൺ-0.03% 62.5 മി.ലി., ഫെൻതവേറ്റ്-0.03% 62.5 മി.ലി., ഫോസ്ലോൺ-0.05% 200 മി.ലി., മോണോക്രോട്ടോ ഫോസ്-0.025% 70 മി.ലി., ഡൈമീതോവേറ്റ്-0.025% 167 മി.ലി. ഇവയിൽ ഏതെങ്കിലും ഒന്ന് 100 ലിറ്റർ വെള്ളത്തിൽ ചേർത്ത് ഓഗസ്റ്റ് മുതൽ നവംബർ വരെയുള്ള കാലഘട്ടങ്ങളിൽ മൂന്ന് പ്രാവശ്യം തളിച്ച് ഇവയെ നിയന്ത്രിക്കാവുന്നതാണ്‌.

കായ്തുരപ്പൻ

കായ് മാത്രമോ, ഇലകൾ, ചിമ്പുകൾ എന്നിവയെ മൊത്തമായോ ആക്രമിക്കുന്ന പുഴുക്കളാണ്‌ ഇവ. തണ്ടുകൾ, ഇളം ശരങ്ങൾ, വിരിയാത്ത ഇലകൾ, ഇളം കായ്കൾ, പൂമൊട്ടുകൾ എന്നിവയിൽ സുഷിരങ്ങൾ ഉണ്ടാക്കുന്നു. കായ്കളിൽ സുഷിരങ്ങൾ ഉണ്ടാക്കി ഉള്ളിലെ വിത്തുകൾ മുഴുവനും തിന്നു തീർക്കുന്നു. ജനുവരി-ഫെബ്രുവരി, ജൂൺ, സെപ്റ്റംബർ- ഒക്ടോബർ മാസങ്ങളിലാണ്‌ കീടങ്ങളുടെ ആക്രമണം കൂടുതലായി കണ്ടു വരുന്നത്. ഫെന്തയോൺ അല്ലെങ്കിൽ മോണോ ക്രോട്ടോഫോസ്-0.07% വീര്യത്തിൽ തയാറാക്കി തളിക്കുന്നത് ഇത്തരം കീടങ്ങളെ നിയന്ത്രിക്കാൻ സഹായിക്കും.

വെള്ളീച്ച

വെള്ളീച്ചയുടേയും പുഴുക്കൾ തന്നെയാണ്‌ ആക്രമണകാരികൾ. ഇലയുടെ അടിയിൽ ഇടുന്ന മുട്ട വിരിഞ്ഞുണ്ടാകുന്ന പുഴുക്കൾ ഉത്പാദിപ്പിക്കുന്ന സ്രവം ഇലകളിൽ പതിക്കുന്നതോടുകൂടി കറുത്ത പൂപ്പലുകൾ ഉണ്ടാകുകയും അതുവഴി പ്രകാശസംശ്ലേഷണം തടസ്സപ്പെടുകയും ചെയ്യുന്നു. മഞ്ഞ നിറത്തിൽ പശയുള്ള കെണികൾ ഉപയോഗിച്ച് ഇവയെ നിയന്ത്രിക്കാം. കൂടാതെ വേപ്പെണ്ണ 500 മി.ലി., ട്രൈറ്റോൺ 500 മി.ലി., എന്നിവ 100 ലിറ്റർ വെള്ളത്തിൽ ചേർത്ത ലായനി ഇലകളുടെ അടിവശത്ത് പതിക്കുന്ന രീതിയിൽ രണ്ടാഴ്ച ഇടവിട്ട് രണ്ടോ മൂന്നോ പ്രാവശ്യം തളിക്കുന്നതും ഇതിന്റെ ശല്യം നിയന്ത്രിക്കുന്നതിന്‌ സഹായിക്കും.

കമ്പിളിപുഴുക്കൾ

കമ്പിളിപുഴുക്കൾ പ്രധാനമായും ഏലത്തിന്റെ ഇലകൾ നശിപ്പിക്കുന്നവയാണ്‌. തോട്ടങ്ങളിൽ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്ന ഒരു പുഴുവാണിത്. ഏലത്തോട്ടത്തിലെ തണൽ മരങ്ങളിൽ ഇടവപ്പാതിക്കു മുൻപ് കേന്ദ്രീകരിക്കുന്ന ഇവ മഴ തീരുന്നതോടെ ഇലകളിൽ എത്തുകയും തിന്നു നശിപ്പിക്കുകയും ചെയ്യുന്നു. പുഴുക്കളെ പെറുക്കിയെടുത്ത് നശിപ്പിക്കാം. അല്ലെങ്കിൽ മീതൈൽ പാരതയോൺ 0.1% അല്ലെങ്കിൽ ക്ലോർപൈറിഫോസ് 0.06% വീര്യത്തിൽ തയാറാക്കിയ മരുന്ന് തളിച്ചും ഇവയെ നിയന്ത്രിക്കാം.

മൊസൈക്

ഏത് പ്രായത്തിലുമുള്ള ചെടികളെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ്‌ മൊസൈക് (കറ്റെ). വൈറസ് മാത്രമല്ല ബനാന ഏഫിഡ് എന്ന പ്രാണിയും രോഗം പരത്തുന്നതിൽ പ്രധാന പങ്കു വഹിക്കുന്നവയാണ്‌. പ്രാണി രോഗം ബാധിച്ച ഇലകളിൽ നിന്നും നീരൂറ്റിക്കുടിക്കുമ്പോൾ വൈറസുകൾ ചെടികളിൽ പ്രവേശിക്കുന്നു. മഞ്ഞനിറത്തിൽ പൊട്ടുകൾ ചിമ്പിന്റെ തളിരിലകളിൽ ഉണ്ടാകുന്നതാണ്‌ രോഗത്തിന്റെ ആദ്യ ലക്ഷണം. പിന്നീട് ഈ പൊട്ടുകൾ പാടുകളായി മാറുന്നു. രോഗ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിന്‌ നാലുമാസം കാലയളവ് എടുക്കും. ഇലകളുടെ ഉള്ളിൽ ഉണ്ടാകുന്നതിനാൽ ചെടി മുഴുവനും ബാധിക്കുകയും, രോഗം ബാധിച്ച് രണ്ട് വർഷമാകുന്നതോടെ ചെടിയുടെ വളർച്ച മുരടിക്കുകയും ചെയ്യുന്നു. ശരങ്ങളുടെ എണ്ണവും നീളവും കുറയുന്നതിനാൽ വിളവും കുറയുന്നു. ഡിസംബർ മുതൽ മേയ് വരെയുള്ള കാലത്താണ് പ്രാണികളെ തോട്ടങ്ങളിൽ കാണപ്പെടുന്നത്. രോഗം ബാധിച്ച തോട്ടത്തിൽ നിന്നും ചിനപ്പുകളോ വിത്തുകളോ നടുന്നതിനായി എടുക്കാതിരുന്നാൽ രോഗം പകരാതിരിക്കാം. കൂടാതെ രോഗബാധയേറ്റ ചെടികൾ പിഴുത് തീയിട്ട് നശിപ്പിക്കുക, നാലുമാസം തുടർച്ചയായി നിരീക്ഷണവും നശിപ്പിക്കലും നടത്തുക, കളകൾ നശിപ്പിക്കുക, ചേമ്പ്, മലയിഞ്ചി, കുർക്കുമ തുടങ്ങിയവ വളരാൻ അനുവദിക്കാതിരിക്കുക, രോഗബാധയേറ്റ തോട്ടങ്ങളുടെ സമീപത്ത് തവാരണകൾ എടുക്കാതിരിക്കുക എന്നിവ മൊസൈക്ക് രോഗം പകരാതിരിക്കാൻ സഹായിക്കും.

അഴുകൽ രോഗം

ഈ രോഗത്തിന്‌ കാരണം കുമിൾ ആണ്‌. തളിരിലകളിൽ കടും പച്ച നിറത്തിൽ നനവുള്ള പാടുകൾ പ്രത്യക്ഷപ്പെടുന്നതാണ്‌ രോഗത്തിന്റെ പ്രാരംഭലക്ഷണം. ക്രമേണ ഈ പാടുകൾ വലുതാകുകയും ഇലകൾ പൂർണ്ണമായും നശിക്കുകയും ചെയ്യുന്നു. ഇത് തണ്ടുകളെ പൊതിഞ്ഞുനിൽക്കുന്ന ഇളം പോളകൾ, ചെടിയുടെ മണ്ണിനടിയിലുള്ള ഭാഗങ്ങൾ, പൂങ്കുലകൾ, കായ്കൾ എന്നിവയും നശിക്കുന്നു. കാലവർഷാരംഭത്തോടെ രോഗബാധയേറ്റ ഭാഗങ്ങൾ നശിപ്പിക്കുക. കൂടാതെ മഴക്കാലത്തിന് മുൻപായി ബോഡോ മിശ്രിതം 1% വീര്യത്തിൽ തയാറാക്കിയതിൽ പശ ചേർത്ത് ചെടിയുടെ എല്ലാ ഭാഗങ്ങളിലും പതിക്കുന്നവിധം നവംബർ ഡിസംബർ മാസം വരെ ഇടവിട്ട് രണ്ടു മൂന്നു തവണ തളിക്കുന്നതും ഈ രോഗം നിയന്ത്രിക്കുന്നതിന്‌ സഹായിക്കും.

ഇലക്കുത്ത്

ഇലകളിൽ പുള്ളിക്കുത്തുകൾ ഉണ്ടായി ചെടി മുഴുവനും കരിയുന്നു. ഡൈഫോൾട്ടാൻ-0.2% അല്ലെങ്കിൽ ഇൻഡോഫിൽ എം.45-0.3% വീര്യത്തിൽ തളിക്കുക. മഴയുടെ ലഭ്യതക്കനുസരിച്ച് മാർച്ച് ഏപ്രിൽ തുടങ്ങി രണ്ടാഴ്ച ഇടവേളകളിൽ മരുന്നു തളിക്കുന്നത് ഈ രോഗം നിയന്ത്രിക്കാൻ സഹായിക്കും

ഇലചീയൽ

ഇത് ഒരു കുമിൾ രോഗമാണ്‌. ഇലകളിലാണ്‌ പ്രധാനമായും ബാധിക്കുന്നത്. ഡൈതേൻ എം.45 -0.3% വീര്യത്തിൽ തളിക്കുന്നത് ഈ രോഗം നിയന്ത്രിക്കുന്നതിന്‌ സഹായിക്കും.

കടചീയൽ

ഇതും ഒരു കുമിൾ രോഗമാണ്‌. ശരിയായ നീർവാഴ്ച ഇല്ലാത്തതിനാൽ ചെടിയുടേ മൂട് ചീയുകയും തൈകൾ വീണ് നശിക്കുകയും ചെയ്യുന്നു. രോഗം ബാധിച്ച ചെടികൾ പിഴുത് നശിപ്പിക്കുക. കൂടാതെ തവാരണകളിൽ നന നിയന്ത്രിക്കുക. പുതയിട്ടത് അവശേഷിക്കുന്നത് നിയന്ത്രിക്കുക എന്നിവയും ചെയ്യാവുന്നതാണ്‌. കൂടാതെ കോപ്പർ ഓക്സിക്ലോറൈഡ് എന്ന രാസകീട നാശിനി 0.3% വീര്യത്തിൽ തളിക്കുന്നതും ഇത് നിയന്ത്ര

വിളവെടുപ്പ്

ഒക്ടോബർ- ഫെബ്രുവരി, സെപ്റ്റംബർ- നവംബർ മാസങ്ങളിലാണ്‌ കേരളത്തിൽ ഏലം വിളവെടുക്കുന്ന കാലങ്ങൾ. കരിങ്കായ്, വരകരിശ് എന്നിങ്ങനെ മൂപ്പനുസരിച്ച് തിരഞ്ഞുള്ള രണ്ടു തരത്തിലുള്ള കായ്കളാണ് സാധാരണയായി വിളവെടുക്കുന്നത്. പാകത്തിനു വിളഞ്ഞതും എന്നാൽ അധികം പഴുക്കാൻ ഇടയാകാത്തതുമായ ഏലക്കായ്കളാണ് കരിങ്കായ് എന്നറിയപ്പെടുന്നത്. ഇങ്ങനെയുള്ള കായ്കളുടെ പുറന്തൊലി പച്ച നിറത്തിൽ മിനുസമുള്ളതും കായ്കൾക്കുള്ളിൽ വിത്തുകൾക്ക് കറുപ്പു നിറവും ആയിരിക്കും. കരിങ്കായേക്കാൾ അല്പം മൂപ്പു കുറഞ്ഞതും വിത്തുകൾക്ക് ഇളം തവിട്ടു നിറവുമുള്ള കായ്കളെ വരികരിശ് എന്നാണ് അറിയപ്പെടുന്നത്. മുളങ്കീറുകൾ കൊണ്ടോ കനം കുറഞ്ഞ ഇരുമ്പുകമ്പി ഉപയോഗിച്ചോ നിർമ്മിച്ചിരിക്കുന്ന കൂടകളിലാണ് കായ്കൾ വിളവെടുക്കുന്നത്.

സംസ്കരണം

ഈർപ്പാംശം 8% മുതൽ 12% വരെ കുറയ്ക്കുക, സ്വാഭാവിക പച്ചനിറം നിലനിർത്തുക എന്നിവയാണ്‌ ഏലക്കാ സംസ്കരണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. വിളവെടുത്ത കായ്കൾ വെയിലത്ത് നിരത്തിയോ കൃത്രിമമായി ഉണക്കുപുരകളിൽ ചൂടുനൽകിയോ ഇടക്കിടെ ഇളക്കി എട്ടുപത്തു ദിവസം ഉണക്കിയെടുക്കുന്നതാണ്‌ ഏറ്റവും സാധാരണവും ചെലവുകുറഞ്ഞതുമായ രീതി. ഇത്തരം രീതികളിൽ കായ്കളുടെ സ്വാഭാവിക പച്ച നിറം നിലനിൽക്കില്ല എന്ന ഒരു പോരായ്മയുണ്ട്.

കൃത്രിമ ഉണക്കൽ രീതി

കൃത്രിമമായി ഏലക്കകൾ ഉണക്കുന്നതിന്‌ പ്രത്യേകം തയാറാക്കിയ സംസ്കരണ പുരകൾ ആവശ്യമാണ്‌. ഇതിലേയ്ക്കായി 18 മുതൽ 24 മണിക്കൂർ വരെ സമയം എടുക്കുന്നു. കായ്കൾ ചെടിയിൽ നിന്നും വേർപെടുത്തിയാൽ 24 മുതൽ 36 മണിക്കൂറിനുള്ളിൽ സംസ്കരണ പ്രക്രിയ തുടങ്ങേണ്ടതാണ്‌. ഉണക്കുന്നതിനുമുൻപ് 10 മിനിറ്റ് നേരം 2% വീര്യത്തിലുള്ള വാഷിംഗ് സോഡാ ലായനിയിൽ മുക്കിയെടുത്താൽ കായ്കൾക്ക് നല്ല പച്ചനിറം ലഭിക്കും. വിളവെടുത്ത ഏലക്കകൾ നല്ലതുപോലെ കഴുകി മാലിന്യങ്ങൾ നീക്കം ചെയ്ത്; അടിഭാഗത്ത് കമ്പിവല ഘടിപ്പിച്ചിട്ടുള്ള തട്ടുകളിൽ നിരത്തിയിടുന്നു. അതിനുശേഷം ഉണക്കുപുരയിൽ ചൂട് ലഭിക്കുന്നതിന്‌ തയ്യാറാക്കിയിട്ടുള്ള ഇരുമ്പു ചൂളയിൽ വിറകിട്ട് കത്തിച്ച് അതിൽ നിന്നും ലഭിക്കുന്ന ചൂട് ഇരുമ്പ് കുഴൽ വഴി പുകപ്പുര മുഴുവനും നിറയ്ക്കുന്നു. ഉള്ളിലെ ചൂട് ആദ്യം 4 മണിക്കൂർ 50ഡിഗ്രിയായി നിലനിർത്തുന്നു. അതിനുശേഷം അവസാന ഒരു മണിക്കൂർ വരെ 45 ഡിഗ്രീ സെന്റീഗ്രേഡ് താപനിലയിൽ സൂക്ഷിക്കുന്നു. അവസാന ഒരു മണിക്കൂറിൽ ചൂട് 60ഡിഗ്രി സെന്റീഗ്രേഡായി ഉയർത്തി നിർത്തുന്നു.

ഔഷധ ഗുണങ്ങൾ

ഏലത്തരിയാണ് ഔഷധമായി ഉപയോഗിയ്ക്കുന്നത്. പനി, വാതം, പിത്തം, കഫം തുടങ്ങിയ രോഗങ്ങൾ, ഛർ‌ദ്ദി, ശ്വാസകോശരോഗങ്ങൾ എന്നിവയ്ക്ക് ഏലം ഫലപ്രദമാണ്.

മണ്ഡലി വർഗ്ഗത്തിൽ പെട്ട പാമ്പ് കടിച്ചു മൂത്രതടസ്സം ഉണ്ടായാൽ തിപ്പലിയും ഏലത്തരിയും നാളികേരവെള്ളത്തിലോ ചൂടുവെള്ളത്തിലോ അരച്ചു കലക്കി കഴിക്കണം. അര ഗ്രാം മുതൽ ഒരു ഗ്രാം വരെ ഏലത്തരി നന്നായി പൊടിച്ച് കരിക്കിൻ വെള്ളത്തിൽ കലക്കി കഴിച്ചാൽ ഛർദ്ദി മാറുമെന്ന് യോഗാ മൃതത്തിൽ പറയുന്നു, ഏലക്കായും തിപ്പലി വേരും പൊടിച്ചു നെയ്യിൽ ചേർത്തു കഴിച്ചാൽ നെഞ്ചുവേദന മാറുമെന്ന് ഭാവപ്രകാശത്തിൽ പറയുന്നു. ഏലാദി ചൂർണ്ണം, അസനേലാദി എണ്ണ എന്നിവയിലെ ഒരു ചേരുവയാണ്.

ഒരു ഗ്ളാസ്സ് ആട്ടിൻപാലിൽ രണ്ടുചുള ഈന്തപ്പഴവും,ഒരു ടിസ്പൂൺ ഏലക്കാ പൊടിയും തലേന്ന് ഉതിർത്തുവെച്ച് കാലത്ത് സേവിക്കുന്നത് ലൈംഗികശക്തി വർദ്ധിപ്പിക്കും

No comments:

Post a Comment