Thursday 18 October 2012

കൊട്ടിപ്പാടുന്ന മഴ!


ലയാളത്തിന്‍റെ പ്രിയപ്പെട്ട കവിയാണ് ഒ.എന്‍.വി.കുറുപ്പ്. ഭാരതത്തിലെ ഏറ്റവും വലിയ സാഹിത്യ സമ്മാനമായ ജ്ഞാനപീഠ പുരസ്‌കാരം നേടിയ അദ്ദേഹം നിരവധി കവിതകളും ഗാനങ്ങളും എഴുതിയിട്ടുണ്ട്. പ്രകൃതിയുടെ എല്ലാ രൂപഭാവങ്ങളും കവിതയിലൂടെയും ഗാനങ്ങളിലൂടെയും ആവിഷ്‌കരിച്ച ഒ.എന്‍.വിയുടെ മനോഹരമായ ഒരു മഴക്കവിതയാണ് ഇവിടെ കൊടുക്കുന്നത്








കൊട്ടിപ്പാടുന്ന മഴ!
നടവരമ്പത്തൊരു
കുട്ടിയുണ്ടതിന്‍, കൈയില്‍
പുസ്തകം, പൊതിച്ചോറും
കുടയായൊരു തൂശ-
നിലയും, - അതു കൊത്തി-
ക്കുടയുന്നുവോ മഴ-
ക്കാറ്റിന്‍റെ കാക്കക്കൂട്ടം?
കുപ്പായം കുതിര്‍ന്നൊട്ടി-
ച്ചേര്‍ന്ന തന്നുടല്‍ കാണ്‍കെ,
കുട്ടിക്കു നാണം-മഴ
നഗ്‌നനാക്കിയോ തന്നെ?...
വഴിയില്‍ പുതുവെള്ള-
പ്പാച്ചിലില്‍ പൊടിമീനും
മഴതന്‍ സംഗീതത്തില്‍
കുട്ടിയും നീന്തിപ്പോയി!
മുച്ചിറകെഴുന്നൊരു
ലോഹപ്പക്ഷി*തന്‍ ചിറ-
കൊച്ചതന്‍ കീഴില്‍ ഉഷ്ണ-
ക്കനി തിന്നിരിക്കുമ്പോള്‍,
നഷ്ടബാല്യത്തിന്‍ നട-
വരമ്പത്തിന്നും മഴ
കൊട്ടിപ്പാടുന്നു-ഞാനാ-
പ്പാട്ടിനായ് കാതോര്‍ക്കുന്നു!


2
ആനതേര്‍ കുതിര കാ-
ലാള്‍പ്പട നിരന്നെത്തു-
മാരവം! സ്വയംവര-
കന്യയെ കൈക്കൊള്ളുവാന്‍
പഴയ കഥയിലെ അശ്വാ-
രൂഢനാം വീര-
തരുണന്‍ തങ്കപ്പിടി-
വാള്‍ വീശി വന്നെത്തുന്നൂ!
ബലിഷ്ഠഹസ്തങ്ങളാല്‍
കന്യയെയെടുത്തവന്‍
കറുത്ത കുതിരമേ-
ലിരുത്തിപ്പറക്കുന്നൂ!
പിന്‍തുടരുവോരെയ്‌തൊ-
രമ്പുകളിടഞ്ഞൊടി-
ഞ്ഞെമ്പാടും ചിതറുന്നു;
മുറ്റത്തുമിറയത്തും
പുരപ്പുറത്തുമവ
വീഴുന്നു!-കണ്ണും പൂട്ടി-
ക്കിടക്കും കുട്ടിക്കൊരു
താരാട്ടാവുന്നൂ മഴ.
നഷ്ടരാത്രികളുടെ
താളങ്ങള്‍ തോറും തുലാ-
വര്‍ഷഗാഥകളിന്നാ-
ക്കുട്ടിയെത്തിരയുന്നു!

3
ഇത്തിരിപ്പൂവിന്‍ കൈയി-
ലൊരു മുത്തെറിയുന്നു;
മുറ്റത്ത് പനിനീരു
കുടഞ്ഞു മറയുന്നു.
ഒരു രാത്രിതന്‍ കാതി-
ലടക്കം പറയുന്നു;
ചൊടികളിടറുമ്പോള്‍
മൊഴികള്‍ മുറിയുന്നു;
തരളാംഗുലികളാല്‍
തൊട്ടുഴിയുന്നു, വസു-
ന്ധരതന്‍ മദഗന്ധ-
വാഹിയാം മടിക്കുത്തില്‍
വീണൊഴുകുന്നു,-പിന്നെ-
യലസ്മൃതികളില്‍
വീര്‍പ്പിടുംപോലെ, 'മരം
പെയ്യുന്നി'തിടയ്ക്കിടെ.....
ഏറ്റവുമിറക്കവു-
മറ്റൊരെന്‍ സ്‌നേഹത്തിന്‍റെ
ആര്‍ദ്രമാം തീരത്തു ഞാ-
നഭയം കണ്ടെത്തുമ്പോള്‍
നഷ്ടാവസരങ്ങള്‍ തന്‍
വഴിത്താരയില്‍ മഴ-
കൊട്ടിപ്പാടുന്നു! ഞാനാ-
പ്പാട്ടോര്‍ത്തു ചിരിക്കുന്നു!


No comments:

Post a Comment